ഫേസ്‌ബുക്ക് പ്രണയം: 14കാരിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കൌമാരക്കാരന്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (12:56 IST)
PRO
PRO
ഫേസ്ബുക്കിലൂടെ 14വയസുകാരിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ 18 വയസുകാരന്‍ അറസ്റ്റില്‍. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കൌമാരക്കാരന്‍ തട്ടിയെടുത്തത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളും പണവുമാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മിസ്ബ ആയൂബ് അലി ഖാനാണ് അറസ്റ്റിലായത്. ബിസനസുകാരനാണെന്ന വ്യാജേനയാണ് 18കാരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. പരിചയപ്പെട്ടു ഒരുമാസത്തിനുള്ളില്‍ തന്നെ പണവും ആഭരണങ്ങളും തട്ടിയെടുത്ത് പയ്യന്‍ മുങ്ങി.

മുംബൈ പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് മിസ്‌ബയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാഴ്ചയില്‍ സുമുഖനായ പ്രതി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയ ഖാനെ മൊബൈല്‍ ട്രേസ് ചെയ്താണ് പൊലീസ് പിടികൂടിയത്.

ഓരേസമയത്ത് ആണിന്റെയും പെണ്ണിന്റെയും പേരില്‍ വ്യത്യസ്ത ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു ഖാന്‍ തട്ടിപ്പു നടത്തിയിരുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ മലാഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ മാരുതി സാങിള്‍ പറഞ്ഞു. രണ്ട് അക്കൗണ്ടുകളില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് നല്‍കിയായിരുന്നു ഇരയെ കണ്ടെത്തിയിരുന്നത്. പിന്നീട് താന്‍ വലിയബിസനസുകാരനാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കും. പിന്നീടാണ് തട്ടിപ്പിന്റെ തുടക്കം. 14കാരിയെ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയതിനു ശേഷമാണ് പണവും ആഭരണങ്ങളും തട്ടിയെടുത്തത്. ആര്‍മാന്‍ കപൂറെന്ന വ്യാജ അക്കൗണ്ടിലൂടെയായിരുന്നു തട്ടിപ്പുകള്‍.

ഖാന്റെ തട്ടിപ്പുമനസ്സിലാക്കാന്‍ കഴിയാതെ മുംബൈയിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ചതിക്കുഴിയില്‍ വീണത്. മിസ്ബ ആയൂബ് അലി ഖാനെന്ന അര്‍മാന്‍ കപൂറുമായി കടുത്ത പ്രണയത്തിലായ പെണ്‍കുട്ടി, പ്രണയസാക്ഷാത്കാരത്തിനു എന്തു ചെയ്യാനും ഒരുക്കമായിരുന്നു. കാര്യങ്ങള്‍ വിവാഹം വരെയെത്തി. വിവാഹശേഷം താമസിക്കുന്നതിനായി മുംബൈയിലെ ഹില്‍സ്‌റ്റേഷനു സമീപമുള്ള രണ്ടു കോടി രൂപ വിലവരുന്ന പ്ലോട്ട് വാങ്ങി വീടുവെക്കാമെന്ന് ഖാന്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചു. തന്റെ കൈവശം 1 കോടി 70 ലക്ഷരൂപയുണ്ടെന്നും വിശ്വസിപ്പിച്ച ഖാന്‍ ബാക്കി പണത്തിനായി പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു.

പെണ്‍കുട്ടി വീട്ടുകാരറിയാതെ അമ്മയുടെ സ്വര്‍ണവും പണവും ഖാന് കൈമാറി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിനുശേഷം ഇരുവരും പലതവണ കണ്ടുമുട്ടിയിരുന്നു. പണവും സ്വര്‍ണവും ലഭിച്ചതോടെ ഫേസ്ബുക്കില്‍ നിന്നും കാമുകന്‍ മുങ്ങി. ഫേസ്ബുക്കില്‍ ബന്ധപ്പെട്ടിടും മറുപടിലഭിക്കാത്തതോടെ ഖാന്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ 14കാരി നിരവധി തവണ വിളിച്ചു. പ്രതികരണം ലഭിക്കാതെ വന്നതോടെ താന്‍ ചതിക്കപ്പെട്ടതായി ബോധ്യമായ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.