ഫേസ്ബുക്കില്‍ അധ്യാപികയെ അപമാനിച്ചു

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2010 (13:36 IST)
സാമൂഹിക വെബ്സൈറ്റായ ഫേസ്ബുക്കിലൂടെ അധ്യാപികയെ അപമാനിച്ച 16 വിദ്യാര്‍ത്ഥികളെ ചണ്ഡീഗഡിലെ ഒരു സ്കൂളില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സ്കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയെ രക്ഷകര്‍ത്താക്കള്‍ അംഗീകരിക്കുകയും ചെയ്തു.

ചണ്ഡീഗഡിലെ വിവേക് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അധ്യാപികയെ അപമാനിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. ശിക്ഷ ലഭിച്ച 16 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ഗണിതശാസ്ത്രത്തിന് പൂജ്യം മാര്‍ക്ക് ലഭിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി അധ്യാപികയുടെ ഒരു ഫോട്ടോ തന്റെ ഫേസ്ബുക്ക് അകൌണ്ടില്‍ അപ്‌ലോഡ് ചെയ്യുകയും അതിന് അശ്ലീല കമന്റ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടുകാരും അധ്യാപികയ്ക്കെതിരെ ഹീനമായ കമന്റുകളുമായി എത്തി. സ്കൂളിലെ മറ്റൊരു അധ്യാപകന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം മാനേജ്മെന്റ് അറിയുന്നത്.

എല്ലാ വിദ്യാര്‍ത്ഥികളെയും മൂന്ന് മാസത്തേക്ക് പുറത്താക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാല്‍, തങ്ങളുടെ മക്കള്‍ ശിക്ഷ അര്‍ഹിക്കുന്നവരാണെന്ന് പറഞ്ഞ രക്ഷകര്‍ത്താക്കള്‍ ബോര്‍ഡ് പരീക്ഷ അടുത്തതിനാല്‍ ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കണമെന്ന് മാനേജ്മെന്റിനോട് അപേക്ഷിച്ചിരിക്കുകയാണ്.