പ്രഭാകരന്റെ മകന്റെ നിഷ്ഠൂരമായ കൊല: ഇന്ത്യ തിരിച്ചടിയ്ക്കണമെന്ന് ജയലളിത
ബുധന്‍, 20 ഫെബ്രുവരി 2013 (16:50 IST)
PRO
PRO
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനെ ശ്രീലങ്കന്‍ സൈന്യം പിടികൂടി കൊലപ്പെടുത്തിയതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. 12കാരനായ ബാലചന്ദ്രന്‍ പ്രഭാകരനെ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവച്ചുകൊലപ്പെടുത്തിയത് യുദ്ധക്കുറ്റമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
കൊലയ്ക്ക് ഉത്തരവാദികളായവരെ അന്താരാഷ്‌ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്നും ജയലളിത ആവശ്യപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം. യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്‌ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രമേയം തയാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയെ എതിര്‍ത്ത് ഇന്ത്യ വോട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാലചന്ദ്രര്‍ പ്രഭാകരന്‍ വെടിയേറ്റു മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഈ ബാലന്‍ ലങ്കന്‍ സൈനികരുടെ കസ്റ്റഡിയിലായിരുന്നു എന്നാണ് ചാനല്‍ 4 ടെലിവിഷന്‍ പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിലൂടെ വെളിവാകുന്നത്. പിടിയിലായ ബാലന്‍ മണല്‍ചാക്കുകള്‍ കൂട്ടിയിട്ട ഒരു ബങ്കറില്‍ ഇരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ലങ്കന്‍ സൈനികന്‍ അവന് കാവലുണ്ട്. തുടര്‍ന്ന് രണ്ട് മണിക്കൂറിനകം കുട്ടി കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ബാലന്‍ മരിച്ചു കിടക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്. ഒരേ ക്യാമറയില്‍ തന്നെയാണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്.