മലേഷ്യയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പലിശരഹിത സംവിധാനമായ ഇസ്ലാമിക ബാങ്കിംഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചു. ഇന്ത്യയില്‍ പലിശരഹിത ഇസ്ലാമിക ബാങ്ക് സ്ഥാപിക്കണമെന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ റിസര്‍വ് ബാങ്കിനോടുള്ള നിര്‍ദേശത്തിന് വന്‍ പ്രാധാന്യമുണ്ട്.
കോലാലാംപൂരില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി, നേരത്തെ സാമ്പത്തിക സഹകരണമുള്‍പ്പെടെ നിരവധി മേഖലകളില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുന്‍ അബ്ദുള്‍ റസാഖുമായി ചര്‍ച്ച നടത്തുകയുണ്ടായി.
“ഇസ്ലാമിക ബാങ്ക് ഇന്ത്യയില്‍ ഒരു പരീക്ഷണമെന്ന രീതിയില്‍ ആരംഭിക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തുന്ന റിസര്‍വ് ബാങ്കിനോട് എനിക്കൊരു ശുപാര്‍ശയുണ്ട്. എന്താണ് മലേഷ്യയിലെ ഇസ്ലാമിക ബാങ്കിംഗ് സംവിധാനത്തില്‍ നടക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പഠിക്കണം” - ഇന്ത്യക്ക് മലേഷ്യയില്‍ നിന്ന് ഇസ്ലാമിക ബാങ്കിനെ പറ്റി പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മന്‍മോഹന്‍ സിംഗ് മറുപടിയായി പറഞ്ഞു.
ഇസ്ലാമിക ബാങ്കിംഗ് നടപ്പായാല്‍ അറബ് രാജ്യങ്ങളില്‍ നിന്നും വന്‍തോതിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് കരുതുന്നു. എന്നാല്‍ ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട പേരാണ് ഇസ്ലാമിക ബാങ്കിന് എന്നതിനാല്‍ എതിര്‍ മതവിഭാഗങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ബാങ്കിംഗിന് എതിര്‍പ്പുണ്ട്.
ഇസ്ലാമിക ബാങ്കിംഗ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക കമ്പനിയുമായും സാമ്പത്തികമോ അല്ലാത്തതോ ആയ രീതിയില്‍ സഹകരിക്കരുതെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിരുന്നു.