പ്രതിഷേധക്കാരന് മനോരോഗമെന്ന് മന്ത്രി

Webdunia
ശനി, 6 ഫെബ്രുവരി 2010 (16:21 IST)
PTI
ബി ടി വഴുതന എന്ന പേരില്‍ അറിയപ്പെടുന്ന ജനിതക മാറ്റം വരുത്തിയ വഴുതനയുടെ പ്രചാരണാര്‍ത്ഥം ബാംഗ്ലൂരില്‍ എത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന് പ്രതിഷേധക്കാരുമായുള്ള സംവാദത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ബിടി വഴുതന വേണ്ടെന്ന് വാദിച്ച ഒരാളോട് മനോരോഗ ചികിത്സ തേടാനാണ് നിയന്ത്രണം നഷ്ടപ്പെട്ട മന്ത്രി പറഞ്ഞത്.

ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ കൃഷിക്ക് അനുമതി നല്‍കുന്നതിനു മുന്നോടിയായി, അനുകൂലമായ പൊതുജനാഭിപ്രായം തേടുന്നതിന്റെ ഭാഗമായാണ് മന്ത്രി ബാംഗ്ലൂരില്‍ സംഘടിപ്പിച്ച പരിപാടിക്കെത്തിയത്. സര്‍ക്കാരിതര സംഘടനകളും കര്‍ഷകരുമടങ്ങുന്ന വലിയൊരു സംഘം ‘ബി ടി വഴുതന വേണ്ട’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഒരു പ്രതിഷേധക്കാരനുമായുള്ള സംസാരത്തിനിടയിലാണ് മന്ത്രിയുടെ നിയന്ത്രണം നഷ്ടമായതും അയാള്‍ക്ക് മനോരോഗ ചികിത്സയുടെ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞത്. എന്നാല്‍, ആയുര്‍വേദ ഡോക്ടറായ പ്രതിഷേധക്കാരന്‍, താന്‍ മന്ത്രിയോട് പറയാനിരുന്നതാണ് മന്ത്രി തന്നോട് പറഞ്ഞതെന്ന മറുപടിയും നല്‍കി.

വാണിജ്യാടിസ്ഥാനത്തിലുള്ള ബിടി വഴുതനയുടെ ഉത്പാദനത്തിന് ഫെബ്രുവരി 10ന് അനുമതി നല്‍കുമെന്ന് ജയ്‌റാം രമേശ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് കമ്പനിയാണ് ബിടി വഴുതന വിത്ത് പുറത്തിറക്കുന്നത്. ഇത് കാര്‍ഷിക രംഗത്ത് പ്രശ്നമുണ്ടാക്കുന്നതിനൊപ്പം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം.