പ്രതിരോധനടപടി എടുക്കണം

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (12:59 IST)
വാലന്‍റൈന്‍ ദിനത്തില്‍ ചില സംഘടനകള്‍ പ്രതിഷേധം നടത്തുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തോട് ആ‍വശ്യപ്പെട്ടു.

പ്രതിരോധപരമായും ശിക്ഷാപരവുമായ നടപടികളിലൂടെ ഭീഷണിയെ നേരിടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് അയച്ച കത്തില്‍ പറയുന്നു. രാഷ്ട്രീയ ഹിന്ദുസേനയും ശ്രീ രാമ സേനയും ഫെബ്രുവരി 14 ന് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടത്തുമെന്ന് ഭീഷണി മുഴക്കിയതെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കത്തില്‍ പറയുന്നുണ്ട്.

സംഘടനകളുടെ മുന്നറിയിപ്പ് ക്രമസമാധാന പാലനത്തിനുള്ള വെല്ലുവിളിയാണ്. സമാധാനം തകര്‍ക്കുന്ന ഇത്തരം നടപടികളെ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി നേരിടണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയയ്ക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും ചിദംബരം പറയുന്നു.

കര്‍ണാടകയില്‍ വാലന്‍റൈന്‍ ദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ശ്രീരാമ സേന കര്‍ശന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കാത്ത പാശ്ചാത്യ ആഘോഷങ്ങള്‍ക്ക് സംസ്ഥാനം വേദിയാക്കില്ല എന്നാണ് സംഘടനകളുടെ നിലപാട്. വാലന്‍റൈന്‍ ദിനത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.