പ്രതികൂല സാഹചര്യത്തില്‍ ചര്‍ച്ചയില്ല: കൃഷ്ണ

വെള്ളി, 31 ജൂലൈ 2009 (17:30 IST)
PRO
അക്രമമോ അക്രമ ഭീഷണിയോ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യത്തില്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. ഇക്കാര്യം ഇന്തോ-പാക് സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും കൃഷ്ണ രാജ്യസഭയില്‍ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് രാജ്യ സഭയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷ്ണ. ഇസ്ലാമബാദില്‍ നിന്ന് ഉയരുന്ന ഭീകര ഭീഷണി ഇന്ത്യ ഒരിക്കലും വിസ്മരിക്കുകയില്ല എന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്ക് എതിരെയുള്ള ഭീകരത അനുവദിക്കില്ല എന്ന വാഗ്ദാനം പാലിക്കാതെ പാകിസ്ഥാ‍നുമായി അര്‍ത്ഥവത്തായ ചര്‍ച്ച ഉണ്ടാവില്ല എന്ന് ജൂലൈ 16 ന് ഇരു രാഷ്ട്രങ്ങളും ഒപ്പ് വച്ച സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുപി‌എ സര്‍ക്കാര്‍ സംയുക്ത പ്രസ്താവയിലൂടെ ചരിത്രപരമായ വീഴ്ച വരുത്തി എന്ന് ബിജെപിയുടെ അരുണ്‍ ജയ്‌റ്റ്‌ലി ആരോപണം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണ. ഭീകരതയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാനു മേലുള്ള സമ്മര്‍ദ്ദം യുപി‌എ സര്‍ക്കാര്‍ ഇല്ലാതാക്കി എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ഇന്ത്യയ്ക്ക് എതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുപി‌എ സര്‍ക്കാര്‍ കരുന്നത് എന്ന് കൃഷ്ണ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക