പശ്ചിമബംഗാളില്‍ പോളിയോ വാക്‌സിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ബംഗാളിലെ അരാംബാഗിലെ ഗോഘാട്ടിലെ സ്കൂളിലാണ് ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ച വന്നത്. തുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 114 കുഞ്ഞുകള്‍ക്കാണ് ഇത്തരത്തില്‍ മരുന്ന് മാറി നല്‍കിയത്.
വാക്‌സിന്‍ എടുക്കാനായി കുഞ്ഞിനെയും കൊണ്‌ടെത്തിയ ഒരാളാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. മരുന്നിന്റെ കുപ്പിയില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട് ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്നു മാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ജില്ലാ ആരോഗ്യവകുപ്പ് മേധാവിയോട് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് എന്‍.സി. സീല്‍, എസ്.എന്‍.റോയ് എന്നിവര്‍ അറിയിച്ചു.
ഗുരുതര വീഴ്ച വരുത്തിയ നാല് ആരോഗ്യവകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.