പൊട്ടിത്തെറിച്ച പാക് ബോട്ടുകളില്‍ ഉണ്ടായിരുന്നത് തീവ്രവാദികളെന്ന് പ്രതിരോധമന്ത്രി

Webdunia
തിങ്കള്‍, 5 ജനുവരി 2015 (12:13 IST)
ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ച പാക് ബോട്ടുകളില്‍ ഉണ്ടായിരുന്നത് തീവ്രവാദികളെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

12 മണിക്കൂറോളം കോസ്റ്റഗാര്‍ഡ് ബോട്ടിനെ പിന്തുടര്‍ന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് മീന്‍പിടിത്ത ബോട്ട് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ സമയത്തുള്ള ഇടപെടലിനെ അഭിനന്ദിച്ച മന്ത്രി ജാഗരൂകരായിരിക്കണമെന്ന നിര്‍ദ്ദേശം നല്കുകയും ചെയ്തു.

ബോട്ട് പൊട്ടിത്തെറിച്ച് അവര്‍ ആത്മഹത്യ ചെയ്തു എന്നതു കൊണ്ട് തന്നെ തീവ്രവാദികളാണെന്ന് ന്യായമായും സംശയിക്കാം. തെളിവുകളും സാഹചര്യങ്ങളും തീവ്രവാദ ബന്ധത്തെ സാധൂകരിക്കുന്നെന്നും മന്ത്രി പറഞ്ഞു.


അതേസമയം, ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ചത് കള്ളക്കടത്തുബോട്ട് ആയിരുന്നുവെന്ന ആരോപണം മന്ത്രി തള്ളിക്കളഞ്ഞു. സാധാരണ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന വഴിയിലല്ല ബോട്ട് സഞ്ചരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
സാധാരണ കടല്‍ കള്ളക്കടത്തുകാര്‍ തിരക്കുള്ള പാതകളാണ് ഉപയോഗിക്കുക.

ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സ്‌ഫോടനം ഉണ്ടായ ബോട്ട് സഞ്ചരിച്ചത് അധികമാരും ഉപയോഗിക്കാത്ത വഴിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.