പുല്ലുമേട്: മരിച്ചവരില്‍ നിന്ന് ഉയിര്‍ത്ത ദിനേശ്!

Webdunia
വ്യാഴം, 20 ജനുവരി 2011 (17:36 IST)
PRO
ശബരിമല ദുരന്തത്തില്‍ പെട്ട ദിനേഷ് കുമാറിന് മരണത്തില്‍ നിന്ന് കിട്ടിയതാണ് ജീവിതം. കോയമ്പത്തൂര്‍ സ്വദേശി ഇരുപത്തിയേഴുകാരനായ ആര്‍ ദിനേഷ് കുമാറാണ് മരണത്തില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആള്‍ക്കാര്‍ മൃതദേഹങ്ങളില്‍ വെള്ളം തളിച്ചതാണ് ദിനേഷിന് രക്ഷയായത്. മുഖത്ത് വെള്ളം വീണതിനെ തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയതാണ് ദിനേഷിന് രക്ഷയായത്. ഇപ്പോള്‍ കോയമ്പത്തൂരിലെ വീട്ടിലുള്ള ദിനേഷ് ദുരന്തത്തെക്കുറിച്ച് വിവരിക്കുമ്പോഴും ഭയം വിട്ടുമാറിയിട്ടില്ല.

‘തിക്കിലും തിരക്കിലുംപെട്ടപ്പോള്‍ ഞാന്‍ നിലത്തു വീണുപോയി. എന്‍റെ പുറത്തേക്ക് നിരവധി ആള്‍ക്കാര്‍ വീണു. തുടര്‍ന്ന് എന്‍റെ ബോധം നഷ്‌മാകുകയായിരുന്നു.’ ശബരിമല ദുരന്തത്തില്‍ മരിച്ച തന്‍റെ കസിന്‍ ശബരീശന്‍റെ വീട്ടിലിരുന്ന് ദിനേഷ് പറഞ്ഞു. കോയമ്പത്തൂരില്‍ ഒരു മാനുഫാക്‌ച്വറിംഗ് ഫാക്‌ടറിയിലെ മെക്കാ‍നിക് ആയ ദിനേഷ് തന്‍റെ ഇളയസഹോദരനും പിതാവിന്‍റെ മൂത്തസഹോദരനും ഒപ്പമാണ് മകരജ്യോതി ദര്‍ശനത്തിനായി എത്തിയത്. ദിനേഷിനൊപ്പം ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ 53 അയ്യപ്പ ഭക്തന്മാരില്‍ അഞ്ചുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

മകരജ്യോതി ദര്‍ശനത്തിനു ശേഷം പുല്‍മേടില്‍ നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എന്നാല്‍, മൃതദേഹങ്ങളുടെ ഇടയില്‍ നിന്ന് ദിനേഷിനെ അദ്ദേഹത്തിന്‍റെ ഇളയസഹോദരന്‍ കണ്ടെത്തുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ ദിനേഷ് ഇന്ന് ജീവനോടെ ഉണ്ടകുമായിരുന്നില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥരോട് തന്‍റെ സഹോദരനെ പുറത്തെടുക്കാന്‍ പതിനാറുകാരനായ ഗൌതം ആവശ്യപ്പെടുകയായിരുന്നു. ദുരന്തത്തിനിരയായവര്‍ സഹായത്തിനായി അപേക്ഷിക്കുന്നുണ്ടായിരുന്നു. സഹായത്തിനായുള്ള ബഹളത്തിനൊടുവിലാണ് ദിനേഷ് കുമാറിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍ സബ് ഇന്‍സ്പെക്ടര്‍ തയ്യാറായി വന്നത്. തുടര്‍ന്ന്, ദിനേഷിനെയും മറ്റു രണ്ടു പേരെയും അദ്ദേഹം വണ്ടിപ്പെരിയാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

തന്‍റെ രണ്ടു കണ്ണുകളിലും രക്തം കട്ടപിടിച്ചത് ദിനേഷിന്‍റെ ഓര്‍മ്മയിലുണ്ട്. താന്‍ ഇന്ന് ജീവിച്ചിരിക്കുന്നത് അദ്ഭുതമാണെന്നാണ് ദിനേഷ് പറയുന്നത്. എന്നാല്‍, ഈ അപകടത്തോടെ ദിനേഷിന്‍റെ വിശ്വാ‍സത്തിനും മങ്ങലേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശബരിമലയിലെത്തുന്ന ഇവര്‍ അടുത്തവര്‍ഷം ശബരിമലയ്ക്ക് പോകുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നാണ് പറയുന്നത്.