പീഡനശ്രമം തടഞ്ഞ ഭാര്യസഹോദരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു

തിങ്കള്‍, 29 ജൂലൈ 2013 (10:23 IST)
PRO
പീഡനശ്രമം തടഞ്ഞ ഭാര്യയുടെ സഹോദരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ ബില്‍‌ഗ്രാം പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്.

17കാരിയായ പെണ്‍കുട്ടി സഹോദരി പൂജയുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയതായിരുന്നു. നിതിന്‍ സോണിയാണ് പൂജയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന നേരം നിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഇതേ സമയം പൂജ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.

തുടര്‍ന്ന് നിതിന്‍ പൂജയെ മുറിയില്‍ അടച്ചിടുകയും പെണ്‍കുട്ടിയെ മറ്റൊരു മുറിയില്‍ ഇട്ട് പീഡിപ്പിക്കാന്‍ ശ്രമം തുടരുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിന് വഴങ്ങാന്‍ തയ്യാറായിരുന്നില്ല.

PRO
പെണ്‍കുട്ടി വഴങ്ങാത്തതിനെ തുടര്‍ന്ന കുപിതനായ നിതിന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഉച്ചത്തില്‍ ഉള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പെണ്‍കുട്ടി മരിക്കുകയായിരുന്നു. ഇതേ സമയം നിതിന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിക്കെതിരെ 376, 511, 302 വകുപ്പുകള്‍ പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസ് നിതിനായി തെരച്ചില്‍ ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക