പീഡനശ്രമം തടഞ്ഞതിന് ആദിവാസിബാലികയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. ഛത്തീസ്ഗഢിലെ ഭൈസ്മുദ ഗ്രാമത്തിലെ മഞ്ജു ബിന്‍ശ്വര്‍ എന്ന പന്ത്രണ്ട് വയസുകാരിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഗുരുതരമായി പരുക്കേറ്റ മഞ്ജു ആശുപത്രിയില്‍ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രാംദയാല്‍ കെന്‍വത്(45)എന്നയാളെ പൊലീസ് തിരയുന്നു.
മഞ്ജുവിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് രാംദയാല്‍. മഞ്ജുവിന്റെ വീട്ടില്‍ പലപ്പോഴും ഇയാള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് വാങ്ങിത്തരാം എന്ന് പറഞ്ഞ് ഇയാള്‍ മഞ്ജുവിനെ ഭൈസ്മുദ ഗ്രാമത്തില്‍ നിന്ന് കുസ്‌മുണ്ടയിലേക്ക് ട്രെയിനില്‍ കൊണ്ടു പോകുകയായിരുന്നു. തിരികെ വീട്ടിലെത്തിക്കാം എന്ന ഉറപ്പിലാണ് ഇയാള്‍ മഞ്ജുവിനെ കൂട്ടിപോയത്.
സരഹ്ബുണ്ഡിയ സ്റ്റേഷനില്‍ നിന്നാണ് രാംദയാലും മഞ്ജുവും ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കൊര്‍ബയിലെത്തിയപ്പോള്‍ മഞ്ജുവിനെ ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ബഹളം വച്ച് പീഡനശ്രമം തടയുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് മറ്റു കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി പുറത്ത് വീണ് കിടക്കുന്ന മഞ്ജുവിനെ ആശുപത്രിയിലാക്കിയത്. ഇതിനിടെ മഞ്ജുവിന്റെ വീട്ടിലെത്തിയ രാംദയാല്‍ മഞ്ജുവിന് മാനസിക വിഭ്രാന്തി വന്നെന്നും തന്നെ പരുക്കേല്‍പ്പിച്ച് മഞ്ജു കടന്ന് കളഞ്ഞെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോഴേക്കും ഇയാള്‍ നാട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.