പിതാവ് 3 പേരെ കൊന്നിട്ടുണ്ടെന്ന് മകള്‍ ടിവി ഷോയില്‍

Webdunia
ബുധന്‍, 6 ജൂണ്‍ 2012 (17:37 IST)
PRO
PRO
ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ സ്വന്തം പിതാവിനെതിരെ മകള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി‍. പിതാവ് മൂന്ന് പേരെ കൊന്നിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ വീടിന് പിന്നില്‍ മറവു ചെയ്യുകയായിരുന്നു എന്നുമാണ് മകള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

ഭാര്‍ഗവി എന്ന 17-കാരിയാണ് പിതാവ് മുരുകന്റെ കൊലയാളി മുഖം ടി വി ഷോയിലൂടെ തുറന്നുകാട്ടിയത്. സീ തമിഴ് ചാനലിന്റെ ‘സൊല്‍‌വതെല്ലാം ഉണ്മൈ’ എന്ന പരിപാടിയില്‍, മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് ഭാര്‍ഗവി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

കാമുകനെ വിവാഹം ചെയ്യാന്‍ സഹായം തേടിയാണ് ഭാര്‍ഗവി ചാനലിനെ സമീപിച്ചത്. മാതാപിതാക്കള്‍ വിവാഹത്തിന് എതിര് നില്‍ക്കുകയാണെന്നും പിതാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോപിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്താണ് ഭാര്‍ഗവിയുടെ വീട്. 2008-ലാണ് പിതാവ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

പിതാവിന്റെ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനായ സിലമ്പരശന്‍(22), ഭാര്യ ലാവണ്യ(20), ലാവണ്യയുടെ പിതാവ് ശേഖര്‍ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മുരുകനും ഭാര്യ രാജേശ്വരിക്കുമായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍.

അസ്ഥികൂടങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്കയച്ചു.