പാചക വാതക സബ്‌സിഡി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (20:12 IST)
PRO
PRO
പാചക വാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം.പി അച്യുതന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും.

ഇതിനു വിരുദ്ധമായി പാചക വാതക കമ്പനികള്‍ പെരുമാറിയാല്‍ കടുത്ത നടപടിയുണ്ടാകും. സര്‍ക്കാരിന്റെ ഒരു പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാചക വാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍, ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അപേക്ഷിച്ച എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ച ശേഷമേ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് എല്‍പിജി മാര്‍ക്കറ്റ് വിലയിലായിരിക്കും ലഭ്യമാകുക. ആധാര്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യം നവംബര്‍ 30 വരെ തുടരും.