ആക്രമണപരമ്പരകള്‍ ആസൂത്രണം ചെയ്യുന്ന കൊടുംഭീകരര്‍ക്കെല്ലാം സുരക്ഷിത താവളം ഒരുക്കുന്ന രാജ്യമായി മാറുകയാണോ പാകിസ്ഥാന്‍? പാക് മണ്ണില്‍ കഴിയുന്ന 50 ഭീകരവാദികളുടെ പട്ടിക ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടതോടെ ഈ വാദം ശരിയെന്ന് തെളിയുകയാണ്.
50 പിടികിട്ടാപ്പുള്ളികളുടെ പട്ടിക തയ്യാറാക്കി ഇന്ത്യ പാകിസ്ഥാന് കൈമാറുകയാണ് ചെയ്തിരിക്കുന്നത്. ലോകത്തെ തന്നെ പിടികിട്ടാപ്പുള്ളികളില്‍ രണ്ടാമനായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഭീകരന്‍ ഹാഫീസ് സെയ്‌ദ് എന്നിവര്‍ പാകിസ്ഥാനില്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം. ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാഫീസ് സെയ്‌ദ് ആണ് പട്ടികയിലെ ഒന്നാമന്‍.
2001- ലെ പാര്‍ലമെന്റ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറും പട്ടികയില്‍ ഉണ്ട്. 1999-ലെ കാണ്ഡഹാര്‍ വിമാന റഞ്ചലിനെത്തുടര്‍ന്നാണ് ഇയാളെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടിവന്നത്.
ദാവൂദ് ഇബ്രാഹിന്റെ ഡി കമ്പനിയിലെ 20 പേര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പാക് ആഭ്യന്തര സെക്രട്ടറി ഖമര്‍ സമന്‍ ചൗധരിയ്ക്കാണ് പട്ടിക കൈമാറിയത്. മാര്‍ച്ച് 28-ന് ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇത്.