പരസ്യ വിവാദം: പി‌എം‌ഒ മാപ്പുപറഞ്ഞു

Webdunia
ഞായര്‍, 24 ജനുവരി 2010 (16:03 IST)
ദേശീയ ബാലികാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ മുന്‍ മേധാവിയുടെ ചിത്രമടങ്ങുന്ന പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മാപ്പു പറഞ്ഞു. സര്‍ക്കാരിന്റെ പരസ്യത്തില്‍ ഒരു വിദേശ പൌരനെ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സര്‍ക്കാര്‍ പരസ്യ വിഭാഗമായ അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റാണോ (ഡി‌എ‌വിപി) വനിതാ ശിശുക്ഷേമ വകുപ്പാണോ പിഴവ് വരുത്തിയത് എന്ന് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടിട്ടുണ്ട്.

പരസ്യത്തെ കുറിച്ച് രാജ്യമൊട്ടാകെ വിമര്‍ശനമുയര്‍ന്നപ്പോള്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ തിറാത്ത് ആദ്യം ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങള്‍ പരസ്യത്തിന്റെ സന്ദേശം മാത്രം മനസ്സിലാക്കിയാല്‍ മതി എന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. എന്നാല്‍, പിന്നീട് മന്ത്രി നിലപാടുമാറ്റി. തെറ്റ് അംഗീകരിച്ച മന്ത്രി പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

പാകിസ്ഥാന്‍ മുന്‍ വ്യോമസേനാ മേധാവി തന്‍‌വീര്‍ മഹ്മൂദ് അഹമ്മദിന്റെ ചിത്രത്തോടു കൂടിയ പരസ്യം പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയി എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വിയും സമ്മതിച്ചു.

പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവിനും ഒപ്പം പാകിസ്ഥാന്‍ വ്യോമസേനയുടെ മുന്‍ മേധാവി തന്‍‌വീര്‍ മഹ്മൂദ് അഹമ്മദിന്റെ ചിത്രവും പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.