ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി ഏഴിനാണ് വോട്ടെടുപ്പ്. ആം ആദ്‌മിയും ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് ഇത്തവണയും ഡല്‍ഹിയില്‍ നടക്കുന്നത്. ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും ഇന്ന് സ്വന്തം മണ്ഡലങ്ങളില്‍ പ്രചാരണ റാലികള്‍ നടത്തും.
ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ 70 മണ്ഡലങ്ങളിലായി 693 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വര്‍ധന, കുടിവെള്ളം, സ്ത്രീസുരക്ഷ എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുന്നത്. ഫെബ്രുവരി പത്തിനാണ് വോട്ടെണ്ണല്‍ .
വോട്ടെടുപ്പിന് മുമ്പായി നടന്ന സര്‍വ്വേ ഫലങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് ആണ് മുന്‍തൂക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ബി ജെ പി ക്യാംപുകള്‍ ആശങ്കാകുലമാണ്. കെജ്‌രിവാളിനും ബേദിക്കുമൊപ്പം അജയ് മാക്കന്‍ ആണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ 36 - 46 സീറ്റുകള്‍ വരെ എ എ പിക്ക് കിട്ടുമെന്നാണ് ഇന്ത്യാ ടുഡേ-സിസറോ, ഹിന്ദുസ്ഥാന്‍ ടൈംസ് - സി ഫോര്‍ , എ ബി പി - നീല്‍സണ്‍ ,ടൈംസ് നൗ സര്‍വേകള്‍ പ്രവചിക്കുന്നത്. എ എ പി സ്വന്തമായി നടത്തിയ സര്‍വേ ഫലമനുസരിച്ച് 51 സീറ്റുവരെ കിട്ടുമെന്നാണ് അവരുടെ അവകാശവാദം.