നേപ്പാള്‍ ഭൂകമ്പത്തില്‍ തെലുങ്കുനടന്‍ കെ വിജയ് മരിച്ചു

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (15:31 IST)
നേപ്പാളിലെ ഭൂകമ്പത്തില്‍ തെലുഗു ചലച്ചിത്രതാരം കെ വിജയ് മരിച്ചു. 25 വയസ്സ് ആയിരുന്നു. നേപ്പാളില്‍ ‘എടകാരം’ എന്ന തെലുഗു ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതായിരുന്നു വിജയ്. വിജയ് സഞ്ചരിച്ചിരുന്ന കാര്‍ ഭൂകമ്പത്തില്‍ മറിഞ്ഞുണ്ട്ടായ അപകടത്തില്‍പ്പെട്ടാണ് താരം മരിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ബപട്‌ല ആണ് വിജയിയുടെ സ്വദേശം. 
 
സംഗീതസംവിധായകന്‍ കിഷന്‍ ഹൈദരബാദില്‍ അറിയിച്ചതാണ് ഇക്കാര്യം. ഷൂട്ടിംഗ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് കാര്‍ മറിയുകയായിരുന്നു.
കോറിയോഗ്രാഫര്‍ കൂടിയായ വിജയ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരും പരുക്കുകളോടെ രക്ഷപ്പെട്ടു.
 
അതേസമയം, വിജയിയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തെലുഗു സിനിമാലോകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
20 അംഗ ഷൂട്ടിംഗ് യൂണിറ്റ് സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗിനായി ഏപ്രില്‍ 15നാണ് സംഘം  ഹൈദരബാദില്‍ നിന്ന് പുറപ്പെട്ടത്.