ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ ബംഗാളില്‍ നിന്നുള്ള റോക് ബാന്‍ഡുകള്‍ പാടും. ബംഗാളില്‍ നിന്നുള്ള അഞ്ച് പ്രമുഖ ബാന്‍ഡുകള്‍ ചേര്‍ന്നായിരിക്കും മെയ് 22ന് സംഗീതപരിപാടി സംഘടിപ്പിക്കുക.
ഷോയ്ക്ക് സൌജന്യപാസ് ആയിരിക്കും നല്കുക. ബംഗാളിലെ പ്രശസ്ത ബാന്‍ഡുകളായ ഫോസില്‍സ്, കാക്‌റ്റസ്, ലക്കിച്ചര, പ്രിതിബി, ഈഷാന്‍ എന്നീ ബാന്‍ഡുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘കൊല്‍ക്കത്ത ഫോര്‍ നേപ്പാള്‍’ - എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ നസ്‌റുല്‍ മാഞ്ചയിലാണ് പരിപാടി നടക്കുന്നത്.
ഈ സംഗീതപരിപാടിക്കു വേണ്ടി ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകരായ ബംഗ്ല റോക്ക് മാഗസിന്‍ അറിയിച്ചു. സംസ്കരിച്ചെടുത്ത ഭക്‌ഷ്യവസ്തുക്കള്‍, ഭക്‌ഷ്യധാന്യങ്ങള്‍, ബിസ്കറ്റുകള്‍ എന്നിവ നല്കുന്നതിന് പകരമായിട്ട് ആയിരിക്കും ടിക്കറ്റുകള്‍ നല്കുകയെന്നും സംഘാടകര്‍ വ്യക്തമാക്കി. കൊല്‍ക്കത്ത സുകൃതി ഫൌണ്ടേഷന്‍ വഴി നേപ്പാളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയ്ക്ക് ആയിരിക്കും ഇത് നല്കുകയെന്നും സംഘാടകര്‍ പറഞ്ഞു.
ഏപ്രില്‍ 25ന് നേപ്പാളില്‍ റിക്‌ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തി ഉണ്ടായ ഭൂചലനത്തില്‍ 8, 000ത്തില്‍ അധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. മരണം 10, 000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 14, 000 ത്തോളം ആളുകള്‍ പരുക്കേറ്റ് ചികിത്സയിലാണ്.