നാവികസേന 61 കടല്‍ക്കൊള്ളക്കാരെ പിടികൂടി

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2011 (14:29 IST)
PRO
ഇന്ത്യന്‍ നാവികസേന വീണ്ടും സൊമാലി കടല്‍ക്കൊള്ളക്കാര്‍ക്ക് നേരെ ആഞ്ഞടിച്ചു. പടിഞ്ഞാറന്‍ തീരത്തു നിന്ന് 600 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ‘വേഗ 5’ എന്ന കപ്പല്‍ പിടിച്ചെടുത്ത നാവികസേന 61 കൊള്ളക്കാരെ കീഴടക്കുകയും കപ്പലില്‍ ബന്ദികളാക്കിയിരുന്ന 13 ജോലിക്കാരെ മോചിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ നാവികസേനയില്‍ എത്തിയ ഐ‌എന്‍‌എസ് കല്‍‌പേനി ആണ് കൊള്ളക്കാര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ ആക്രമിച്ച് കീഴടക്കിയത്. വിശദമായ അന്വേഷണങ്ങള്‍ക്കായി കപ്പല്‍ മുംബൈയിലേക്ക് കൊണ്ടുവന്നതായി നാവികസേനാ വക്താവ് പറഞ്ഞു.

വിവിധ കപ്പലുകളിലായി 53 ഇന്ത്യക്കാരെ ബന്ദികളാക്കിവച്ചിരിക്കുന്നതിനെ കുറിച്ച് കാബിനറ്റ് സമിതി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. കൊള്ളക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനുനയനത്തിന് സാധ്യമല്ല എന്നും കാബിനറ്റ് സമിതി തീരുമാനിച്ചിരുന്നു.

കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയുള്ള ‘ഓപ്പറേഷന്‍ ഐലന്‍ഡ് വാച്ചി’ന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേന കഴിഞ്ഞ ജനുവരിയില്‍ കൊള്ളക്കാര്‍ സഞ്ചരിച്ചിരുന്ന രണ്ട് കപ്പലുകള്‍ മുക്കിക്കളയുകയും 43 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തിരുന്നു.