നാല് വര്‍ഷം, ബീഹാറില്‍ 100 പേര്‍ക്ക് വധശിക്ഷ!

Webdunia
തിങ്കള്‍, 12 ഏപ്രില്‍ 2010 (13:52 IST)
കഴിഞ്ഞ നാല് വര്‍ഷമായി ബീഹാറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് നൂറിലധികം കുറ്റവാളികള്‍! ഇതേകാലയളവില്‍ ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയത് 8,143 പേര്‍ക്ക്. നാല് വര്‍ഷക്കാലയളവില്‍ മൊത്തം 45,467 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

പത്തുവര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചവരുടെ എണ്ണം 2,661 ആണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി 3,622 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇതില്‍ ഏഴ് പേര്‍ക്ക് വധശിക്ഷയും 455 പേര്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചതായും സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

കുറ്റകൃത്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ സംസ്ഥാനം ഇപ്പോള്‍ വളരെയധികം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നും മുന്‍‌കാലങ്ങളില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 5,000-10,000 കേസുകളില്‍ മാത്രമേ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ എന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

2009 ല്‍ സംസ്ഥാനത്ത് മൊത്തം 13,146 പേര്‍ക്ക് ശിക്ഷ നല്‍കി. ഇവരില്‍ 12 പേര്‍ക്ക് വധശിക്ഷയും 1824 പേര്‍ക്ക് ജീവപര്യന്തം തടവും 375 പേര്‍ക്ക് പത്തുവര്‍ഷത്തില്‍ കൂടുതല്‍ തടവും നല്‍കി.