നന്ദിഗ്രാം:കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിങ്കള്‍, 12 മെയ് 2008 (18:06 IST)
നന്ദിഗ്രാമില്‍ ഞായറാഴ്‌ച നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടയില്‍ സി‌ആര്‍‌പി‌എഫ്, പൊലീസ് വിഭാഗങ്ങളും സി‌പി‌ഐ(എം) പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

‘സംഭവത്തെക്കുറിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ആഭ്യന്തമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്‘,ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയം ഉന്നത തലത്തിലുള്ള യോഗം വിളിച്ചുകൂട്ടും.

സംസ്ഥാനത്തെ അഞ്ചു ജില്ലകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. നന്ദിഗ്രാമില്‍ വോട്ടെടുടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ സി‌പി‌ഐ (എം) എം‌പിയായ ലക്ഷ്‌മണ്‍ സേത്തും സി‌ആര്‍‌പി‌എഫ് ഡിഐജി അലോക് രാജും ഏറ്റുമുട്ടിയിരുന്നു.

നന്ദിഗ്രാമില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ രണ്ട് സ്‌ത്രീകളെ അലോക് രാജ് പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍,ഡി‌ഐജി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഇതിനു പുറമെ പുരുലിയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു അതിര്‍ത്തി രക്ഷാ സേന സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, പോളിംഗ് പൊതുവെ സമാധാനപരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക