ഹിമാചല്‍ പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരം സ്വന്തമാക്കി. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവായ പി കെ ധുമാല്‍ ഡിസംബര്‍ മുപ്പതിനു മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.
കോണ്‍ഗ്രസിന് ശക്തമായി തിരിച്ചടി നല്‍കിയാണ് ഹിമാചലിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചിരിക്കുന്നത്. ആകെയുള്ള 68 സീറ്റില്‍ നാല്പത്തി ഒന്നിലും ബിജെപി വിജയച്ചിപ്പോള്‍ കോണ്‍ഗ്രസിനു ജയിക്കാനായത് 23 സീറ്റുകളില്‍ മാത്രമാണ്. നാലു സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ നേടി.
കഴിഞ്ഞ തവണ മത്സരിച്ചതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ബിജെപി ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടം തവണയാണ് ധുമാല്‍ ഹിമാചല്‍ മുഖ്യമന്ത്രിയാവുന്നത്. സഹപാഠിയായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി സി ലാഗ്‌വള്‍നെ 26,000 വോട്ടുകള്‍ക്കാണ് ധുമാല്‍ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളില്‍ പോലും ബിജെപി ജയം സ്വന്തമാക്കിയെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചു കളഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടക്കുന്നത്. ഗുജറാത്തിനു പുറകേ ഹിമാചലിലും ജയിക്കാനായത് പാര്‍ട്ടിക്ക് ശരിക്കും ഒരു പുത്തനുണര്‍വ്വ് പകര്‍ന്നിരിക്കുകയാണ്.