ദയാഹര്‍ജിയില്‍ തീരുമാനം വൈകി: വധശിക്ഷ ജീവപര്യന്തമായി!

Webdunia
വ്യാഴം, 2 മെയ് 2013 (18:38 IST)
PRO
PRO
രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന്‌ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. കൊലപാതകക്കേസില്‍ വധശിക്ഷ വിധക്കപ്പെട്ട അസം സ്വദേശി എംഎന്‍ ദാസിന്റെ ശിക്ഷയാണ്‌ ജസ്റ്റിസ്‌ ജിഎസ്‌ സിംഘ്‌വി അധ്യക്ഷനായ ബെഞ്ച്‌ ജീവപര്യന്തമാക്കിയത്‌. താന്‍ നല്‍കിയ ദയാഹര്‍ജി തള്ളിയ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെ നടപടിക്കെതിരെയാണ്‌ ദാസ്‌ വീണ്ടും സുപ്രീംകോടതിയെ സമര്‍പ്പിച്ചത്‌. ദയാഹര്‍ജി നല്‍കി പതിനൊന്ന്‌ വര്‍ഷത്തിനുശേഷമാണ്‌ പ്രതിഭാ പാട്ടില്‍ അത്‌ തള്ളിയത്‌.

ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ നടപ്പിലാക്കാമെന്ന സുപ്രീംകോടതിയുടെ ഈയടുത്ത കാലത്തെ വിധി വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖാലിസ്താന്‍ ഭീകരന്‍ ദേവേന്ദ്രപാല്‍സിങ്‌ ഭുള്ളറുടെ വധശിക്ഷ ഇളവു ചെയ്യാന്‍ കോടതി ഈയിടെ വിസമ്മതിച്ചിരുന്നു.

മറ്റൊരു കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന എംഎന്‍ ദാസ്‌ 1996ലാണ്‌ അസമിലെ ഫാന്‍സി ബസാറില്‍ ഹര്‍കന്ദ ദാസ്‌ എന്നയാളെ തലയറുത്ത്‌ കൊല്ലുകയും അറുത്തെടുത്ത തലയുമായി പോലീസില്‍ കീഴടങ്ങുകയും ചെയ്തത്‌. 1997ല്‍ സെഷന്‍സ്‌ കോടതി ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചു. 1998ല്‍ ഗുവാഹട്ടി ഹൈക്കോടതിയും 99ല്‍ സുപ്രീംകോടതിയും ഈ വിധി ശരിവച്ചു. ഇതിനെ തുടര്‍ന്ന്‌ 1999ല്‍ തന്നെ ദാസ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കി. എന്നാല്‍ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്‌ 2011ലാണ്‌. ഇതിനെ തുടര്‍ന്നാണ്‌ പതിനാല്‌ വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച കാര്യം കൂടി ചൂണ്ടിക്കാണിച്ച്‌ തന്റെ വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദാസ്‌ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്‌.