തെലങ്കാന സംസ്ഥാന രൂപീകരണം താമസിക്കുന്നതില്‍ പ്രതിഷേധിച്ച് ഒസ്മാനിയ സര്‍വകലാശാല കവാടത്തില്‍ അനുകൂല റാലിക്കിടെ തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച വിദ്യാര്‍ഥി മരിച്ചു. ശരീരത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച വിദ്യാര്‍ത്ഥിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
എസ് യാദൈയ്യ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തെലങ്കാന പ്രദേശത്തുനിന്നുള്ള എല്ലാ എംഎല്‍എമാരും രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആന്ധ്രനിയമസഭ ഉപരോധിക്കാനായി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോഴാണ് യാദൈയ്യ ശരീത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പൊലീസ് ബാരിക്കേഡിനു നേര്‍ക്ക് ഓടിയടുത്തത്.
പോലീസുകാര്‍ വെള്ളമൊഴിച്ചു തീകെടുത്തി വിദ്യാര്‍ഥിയെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. രംഗറെഡ്ഡി ജില്ലക്കാരനായ യാദയ്യ റാലിയില്‍ പങ്കെടുക്കാനാണ് ഹൈദരാബാദിലെത്തിയത്. ഹൈദരാബാദിലെ നോബിള്‍ കോളജിലെ വിദ്യാര്‍ത്ഥിയാണ് യാദൈയ്യ രണ്ടാം വര്‍ഷ ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു.
അതേസമയം, തെലങ്കാന പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിയമസഭാ മന്ദിരമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തിയ നൂറു കണക്കിനു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. ഒസ്മാനിയ സര്‍വകലാശാലാ വൈസ് ചാനസലറുടെ കാറിനുനേരെ സമരക്കാര്‍ കല്ലേറു നടത്തി. വൈസ് ചാന്‍സലര്‍ ടി. തിരുപ്പതി റാവു വാഹനത്തിലുണ്ടായിരുന്നില്ല. തെലുങ്കാന വിദ്യാര്‍ഥി സംയുക്ത സമരസമിതിയുടെയും ഒസ്മാനിയ സര്‍വകലാശാലാ സംയുക്ത സമരസമിതിയുടെയും ആഹ്വാനപ്രകാരമാണ് ശനിയാഴ്ച റാലികളും മാര്‍ച്ചുകളും സംഘടിപ്പിച്ചത്.