സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ തീസ്തയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് നേരത്തെ ഇറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.
തീസ്തയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അഭിപ്രായ സ്വാതന്ത്ര്യം, നിയന്ത്രിത അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി തീസ്ത സെതല്‍വാദ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തുന്ന ഭരണഘടനാ വിഷയങ്ങളാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
ഗുജറാത്ത് വംശഹത്യ സ്മാരകം നിര്‍മ്മിക്കുന്നതിനായി സമാഹരിച്ച 9.78 കോടി രൂപയില്‍ മൂന്നര കോടി രൂപ തീസ്ത സ്വകാര്യ ആവശ്യത്തിന് വേണ്ടി വിനിയോഗിച്ചുവെന്ന കേസിലാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ തീസ്ത നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.