തിരുത്തല്‍ വാഗ്ദാനം ചെയ്ത് പ്രതിഭ

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2011 (12:16 IST)
PTI
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സര്‍ക്കാരിനെതിരെ അടുത്തകാലത്ത് ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടായിരുന്നു ഭരണപരമായ തിരുത്തല്‍ വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനം.

അഴിമതി തടയാന്‍ നിയമ നടപടികളും ഭരണപരമായ നടപടികളും സ്വീകരിക്കും. ജുഡീഷ്യറിയുടെ പ്രതിച്ഛായയും കാര്യക്ഷമതയും മെച്ചപ്പെടുത്തും. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതിഭാ പാട്ടീല്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സംശുദ്ധമായ ഭരണമാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. വിലക്കയറ്റം നേരിടാന്‍ നടപടികള്‍ സ്വീകരിക്കും. അടിസ്ഥാന സൌകര്യ വികസനത്തിന് പ്രാധാന്യം നല്‍കും. എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് ലക്‍ഷ്യമിടുന്നത്. ബിപി‌എല്‍ വിഭാഗത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും.

വ്യാവസായിക മേഖലയിലും ഊര്‍ജ്ജ മേഖലയിലും കാര്‍ഷിക മേഖലയിലും വളര്‍ച്ച ഉണ്ടായി. എല്ലാ പഞ്ചായത്തുകളിലും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കും. ടൂറിസം മേഖലയിലൂടെ കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കും.

പൊതുരംഗത്ത് സുതാര്യതയും സംശുദ്ധതയും ഉറപ്പുവരുത്തും. മന്ത്രിമാരുടെ പ്രത്യേക അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും. ഇതെകുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

ആഭ്യന്തര സുരക്ഷ ശക്തമാക്കും. ആഗോള വേദികളില്‍ ഇന്ത്യക്ക് പ്രാതിനിധ്യം നല്‍കുന്ന ഒരു വിദേശനയം സ്വീകരിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.