തര്‍ക്കം വേദനാജനകമെന്ന് കെജ്‌രിവാള്‍, യോഗത്തിനെത്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ചൊവ്വ, 3 മാര്‍ച്ച് 2015 (11:09 IST)
ആം ആദ്‌മി പാര്‍ട്ടിയില്‍ നിലവില്‍ നടക്കുന്ന തര്‍ക്കം വേദനാജനകമാണെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. താന്‍ തര്‍ക്കത്തില്‍ പങ്കാളിയാകാനില്ലെന്നും ഭരണത്തിലാണ് ശ്രദ്ധയെന്നും കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കി. ദില്ലിയിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോടുള്ള വഞ്ചനയാണ് നിലവിലെ തര്‍ക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
 
അതേസമയം, ആം ആദ്‌മി പാര്‍ട്ടിയുടെ നാളെ ചേരുന്ന ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കെടുക്കില്ല. മുന്‍ നിശ്ചയിച്ച പരിപാടികള്‍ തനിക്കുണ്ടെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതതെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
 
ഹൈക്കമാന്‍ഡ് സംസ്കാരം ആം ആദ്‌മി പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കാനാകില്ലെന്നും താനും യോഗേന്ദ്ര യാദവും കെജ്‌രിവാളിനെതിരെ നീക്കം നടത്തുന്നെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പ്രശാന്ത് ഭൂഷണ്‍ ചില മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പ്രശാന്ത് ഭൂഷന്റെ നടപടിക്കെതിരെ കെജ്‌രിവാള്‍ പക്ഷത്തെ പ്രമുഖരായ അശുതോഷും ആഷിഷ് ഖേതനും രംഗത്തെത്തി.
 
എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങളിലൂടെയല്ല അത് വെളിപ്പെടുത്തേണ്ടതെന്നും ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ പറയുകയാണ് വേണ്ടതെന്നും അശുതോഷ് പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിനു ശേഷം എ എ പിയില്‍ ചേരിപ്പോര് ശക്തമാണ്.

വെബ്ദുനിയ വായിക്കുക