തമിഴ്നാട്ടില്‍ അതീവ ജാഗ്രത. മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അടിയന്തിര ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും ഇനിയുള്ള 24 മണിക്കൂറുകള്‍ നിര്‍ണായകമാണ്. സംസ്ഥാനത്ത് കേന്ദ്രസേനയുടെ സാന്നിധ്യം തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പാക്കി. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴുമണിക്കുതന്നെ തമിഴ്നാട് സര്‍വീസിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് ഹാജരായി. റോഡുകളില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയും ആശുപത്രി പ്രവര്‍ത്തിക്കുന്ന ഗ്രീംസ് റോഡും സുരക്ഷാവലയത്തിലാണ്.
മന്ത്രിമാരും ഗവര്‍ണറുമായി പലതവണ കൂടിക്കാഴ്ച നടത്തി. മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നുവരുന്നു. ഒ പനീര്‍ സെല്‍വം, ശശികല എന്നിവര്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും തമിഴ്നാട്ടിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്ക പരത്തുന്ന നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്രസേനാവിന്യാസം ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് വിവരം.
അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസ് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചുകഴിഞ്ഞു.