ശ്രീലങ്കന്‍ വിഷയത്തില്‍ കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ ഡിഎംകെ ഒരുങ്ങുന്നു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്നാണ് പാര്‍ട്ടിയുടെ ഭീഷണി. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗമാണ് ഈ തീരുമാനമെടുത്തത്.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണം എന്നാണ് ഡിഎംകെയുടെ ആവശ്യം. അതിന് തയ്യാറായില്ലെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കാനാണ് നീക്കം. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയ്ക്ക് 18 എംപിമാരുണ്ട്.
ശ്രീലങ്കയിലെ തമിഴ് വംശജരെ കൂട്ടക്കുരുതി ചെയ്തവര്‍ക്കെതിരെ നടപടി, അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം, കുറ്റവാളികളായ സൈനികരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. തമിഴ് വംശജര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലാകെ പ്രതിഷേധം വ്യാപിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.
എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെ സൈന്യം കസ്റ്റഡിയിലെടുത്ത ശേഷം വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു.