ഡല്‍ഹി മാനഭംഗപ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി

ബുധന്‍, 4 മാര്‍ച്ച് 2015 (08:13 IST)
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ബി ബി സിക്കു വേണ്ടി ബ്രിട്ടീഷ് ഡോക്യുമെന്ററി നിര്‍മ്മാതാവ് ആണ് അഭിമുഖം തയ്യാറാക്കിയത്. അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൊവ്വാഴ്ച വാര്‍ത്താചാനലുകളോട് നിര്‍ദേശിക്കുകയായിരുന്നു.
 
ബലാത്സംഗത്തെ ന്യായീകരിച്ചുള്ള അഭിമുഖം കഴിഞ്ഞദിവസമായിരുന്നു പുറത്തുവന്നത്.  അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് മുകേഷ് സിങ് അഭിമുഖം നല്‍കിയതിനെക്കുറിച്ച് കേന്ദ്രം ജയിലധികൃതരുടെ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. 
 
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തിഹാര്‍ ജയില്‍ ഡി ജി പി ജനറല്‍ അലോക് കുമാര്‍ വര്‍മയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. 
പ്രതിയെ ജയിലില്‍ അഭിമുഖം നടത്തിയത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
 
വനിതാദിനത്തിന്റെ ഭാഗമായി ഞായറാഴ്ച ബി ബി സി സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയിലാണ് അഭിമുഖത്തിന്റെ പൂര്‍ണരൂപമുള്ളത്. ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ 2013 ജൂലായില്‍ ലെസ്ലീ ഉഡ്വിന്‍ എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരിക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. 
 
വ്യവസ്ഥ പ്രകാരം പ്രതികളുടെ അഭിമുഖത്തിന്റെ വീഡിയോ ജയിലധികൃതര്‍ കണ്ട് അനുമതി നല്‍കേണ്ടിയിരുന്നു. ഇതുണ്ടായില്ലെന്നാണ് മന്ത്രാലയം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. 2014ല്‍ ഡോക്യുമെന്ററി ബി ബി സിക്ക് കൈമാറിയ വിവരവും ലെസ്ലീ ഉഡ്വിന്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക