ഡല്‍ഹിയിലെ മാനഭംഗക്കൊല സുഹൃത്തുമായുള്ള വഴക്കിനൊടുവില്‍ സംഭവിച്ചത്

Webdunia
തിങ്കള്‍, 12 ജനുവരി 2015 (15:29 IST)
ഡല്‍ഹിയില്‍ നാല്‌പതുകാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊന്നത് സുഹൃത്ത്. ദക്ഷിണഡല്‍ഹിയിലെ വസന്ത് കുഞ്ചിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ സ്ത്രീയുടെ സുഹൃത്തും കേസിലെ പ്രതിയുമായ റംതീസിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
 
മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സ്ത്രീ. ശനിയാഴ്ച രാവിലെയാണ് ഇവരുടെ കൈകളും കാലുകളും ബന്ധിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും ശമ്പളവും റാംതീസിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ത്രീയുടെ അയല്‍ക്കാരനായിരുന്ന പ്രതി ഇടയ്ക്കിടയ്ക്ക് ഇവരെ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു.
 
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയുമായി പ്രതി സംസാരിക്കവേ അത് വഴക്കിലേക്ക് വഴി മാറുകയും പിന്നീട് ബലാത്സംഗത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. അതേസമയം, പ്രതിക്ക് ശക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷണം കയറ്റിയ നിലയിലായിരുന്നു. 
 
ഒമ്പതു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള മൂന്നു കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത്. ഭര്‍ത്താവും കുട്ടികളും ഇവരെ ആശ്രയിച്ചായിരുന്നു കഴിഞ്ഞു പോന്നിരുന്നത്. സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്ന ഭര്‍ത്താവിന് കഴിഞ്ഞവര്‍ഷം ഒരു അപകടം പറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ജോലിക്ക് പോകാറില്ല.
 
വെള്ളിയാഴ്ച രാത്രിയായിട്ടും അമ്മയെ കാണാതായതിനെ തുടര്‍ന്ന് മൂന്നുമക്കളും അച്‌ഛനെയും കൂട്ടി അമ്മ ജോലി ചെയ്യുന്ന ഫാക്‌ടറിയില്‍ പോയി അന്വേഷിച്ചു. എന്നാല്‍ , അവിടെ കണ്ടെത്താതിനെ തുടര്‍ന്ന് പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.