ടോയിലറ്റില്ലേലും മൊബൈല്‍ ഫോണ്‍ മതി!

Webdunia
ശനി, 18 ഫെബ്രുവരി 2012 (05:43 IST)
PRO
PRO
ഇന്ത്യക്കാര്‍ക്ക് ടോയിലറ്റ് സൌകര്യങ്ങളെക്കാള്‍ പ്രാധാന്യം മൊബൈല്‍ ഫോണുകള്‍. രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ 70 കോടിയിലേറെയാണ്. എന്നാല്‍ ജനസംഖ്യയില്‍ 60 ശതമാനത്തോളം വെളിമ്പ്രദേശങ്ങളിലാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്- കേന്ദ്ര ഗ്രാമവികസന കാര്യമന്ത്രി ജയ്റാം രമേശ് പറയുന്നു. ഏഷ്യാ പെസഫിക് മേഖലയ്ക്കുള്ള ഐക്യരാഷ്ട്രസഭാ സാമ്പത്തിക, സാമൂഹിക കാര്യ കമ്മിഷന്‍ (എസ്കാപ്) തയ്യാറാക്കിയ ഏഷ്യാ പെസഫിക് മില്ലെനിയം ഡെവലപ്മെന്റ് ഗോള്‍ പ്രകാശിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയ്റാം രമേശ്.

രാജ്യത്തെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണുകളാണ്. ടോയലന്റ് സൌകര്യങ്ങളേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം മൊബൈല്‍ ഫോണാണ്. നമ്മുടെ മാറിവന്ന മനസ്ഥിതിയാണ് ഇത്. രാജ്യത്ത് 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ 25000 പഞ്ചായത്തുകള്‍ മാത്രമാണ് വെളിമ്പ്രദേശങ്ങളില്‍ ആളുകള്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത നിര്‍മ്മല്‍ ഗ്രാമ പഞ്ചായത്തുകള്‍- കേന്ദ്രമന്ത്രി പറഞ്ഞു.

കുടിവെള്ള, സാനിട്ടേഷന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി വരുന്നു. അടുത്തു തന്നെ ആശ്വാസ്യമായ മാറ്റങ്ങള്‍ കാണാനായേക്കും. വനിതാ സന്നദ്ധ സംഘടനകള്‍ ആരോഗ്യ-ശുചിത്വ പദ്ധതികളില്‍ മുന്നിട്ടിറങ്ങണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.