ടൂറിസം ദൌത്യ സേനയെ നിയമിക്കും - സോണി

Webdunia
ശനി, 21 ഫെബ്രുവരി 2009 (16:38 IST)
ചരിത്രസ്മാരകങ്ങളടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ടൂറിസം ദൌത്യ സേനയെ നിയമിക്കുമെന്ന് കേന്ദ്ര സാംസ്കാരിക - ടൂറിസം സഹമന്ത്രി അംബിക സോണി അറിയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ജോഗീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സോണി.

സപ്ത ലോകാല്‍‌ഭുതങ്ങളിലൊന്നായ താജ്മഹല്‍ അടക്കം രാജ്യത്തെ പല ചരിത്ര സ്മാരകങ്ങളും താലിബാന്‍ ഉന്നം വയ്ക്കുന്നതായി സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 26ലെ മുംബൈ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രത്യേക സേനയെ നിയമിച്ചാല്‍ മാത്രമേ തീവ്രവാദി ആക്രമണങ്ങളില്‍ നിന്ന് ഇവയുടെ സുരക്ഷ ഉറപ്പാക്കാനാകൂ - സോണി പറഞ്ഞു.

പഞ്ചാബിലെ പൊലീസ് - സിവില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടി നിര്‍ഭാഗ്യകരവും ജനാധിപത്യ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണെന്ന് സോണി വിമര്‍ശിച്ചു. മുഖ്യമന്ത്രി പി‌ എസ് ബാദലിനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കക്ഷിക്കും ഉചിതമല്ലാത്തവരെന്ന് തോന്നുന്ന ഉദ്യോഗസ്ഥരെയെല്ലാം സര്‍ക്കാര്‍ സ്ഥലം മാറ്റുകയാണെന്ന് അവര്‍ ആരോപിച്ചു.

മാര്‍ച്ച് ആദ്യവാരത്തോടെ കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സോണി അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനന്ത്‌പൂര്‍ ഷാഹിബ് സീറ്റില്‍ മല്‍‌സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന ആരോപണം സോണി നിഷേധിച്ചു.