ജെല്ലിക്കെട്ട് വിഷയം തമിഴ്നാട്ടില്‍ കത്തിപ്പടരുന്നു. ജെല്ലിക്കെട്ട് ഉടന്‍ നടത്തണമെന്നും പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് വലിയ സമരരീതി കൈക്കൊള്ളുകയാണ്.
ഇന്ത്യയുടെ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്‌മാന്‍ ജെല്ലിക്കെട്ട് സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് വെള്ളിയാഴ്ച നിരാഹാരം അനുഷ്ഠിക്കും. ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, താരങ്ങളായ സൂര്യ, ധനുഷ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും വെള്ളിയാഴ്ച ഉപവാസ സമരം നടത്തും.
അതേസമയം, വെള്ളിയാഴ്ച അക്ഷരാര്‍ത്ഥത്തില്‍ തമിഴ്നാട് സ്തംഭിക്കും. സ്കൂളുകള്‍ക്ക് അവധി നല്‍കിയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുപോലെ വാഹനങ്ങളും നിരത്തിലിറക്കില്ലെന്നും അറിയിപ്പുണ്ട്.
ബസ് സര്‍വീസുകളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ട്രെയിന്‍ ഗതാഗതത്തെ സമരം ബാധിക്കില്ല.
അതേസമയം, ചെന്നൈയില്‍ മറീന ബീച്ച് കേന്ദ്രമാക്കി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസവും തുടരുകയാണ്. ചെന്നൈയുടെ മുക്കിലും മൂലയിലും വിദ്യാര്‍ത്ഥികളും ഐ ടി ഉദ്യോഗസ്ഥരും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
മദ്രാസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വെള്ളിയാഴ്ച കോടതി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ ടാക്സി യൂണിയനുകളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
മരുരൈയിലും തിരുച്ചിറപ്പള്ളിയിലും കോയമ്പത്തൂരിലും സമരം ശക്തമായിട്ടുണ്ട്. സേലം ജില്ലയിലും സമരം ശക്തമായി. കാരൈക്കല്‍ - ബാംഗ്ലൂര്‍ ട്രെയിന്‍ തടഞ്ഞാണ് സേലത്ത് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്.
നാമക്കല്‍, ഈറോഡ്, കൃഷ്ണഗിരി, ധര്‍മ്മപുരി എന്നിവിടങ്ങളില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.