ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (19:27 IST)
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ജവാന്‍‌മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുക്മ ജില്ലയിലെ ചിന്താഗുഫയ്ക്കടുത്തുള്ള കലാപാന്തറിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു രാജ്യത്തെ നടുക്കിയ നക്സല്‍ ആക്രമണമുണ്ടായത്. 
 
പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ജവാന്മാരെ കാണാതായതായും വിവരമുണ്ട്. സുക്മയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ നക്സല്‍ ആക്രമണമാണിത്. കഴിഞ്ഞ മാസം 11ന് നടത്തിയ ആക്രമണത്തില്‍ 12 ജവാന്‍‌മാര്‍ മരിച്ചിരുന്നു. അന്ന് ജവാന്‍‌മാരുടെ പക്കല്‍നിന്ന് ആയുധങ്ങളും നക്സല്‍ സംഘം തട്ടിയെടുത്തിരുന്നു. 
 
ഏകദേശം മുന്നൂറോളം നക്സല്‍ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച ഛത്തീസ്ഗഡില്‍ ആക്രമണം നടത്തിയത്. ആ സമയത്ത് 150 ജവാന്‍‌മാരാണ് അവിടെ ഉണ്ടായിരുന്നത്. ആക്രമണത്തിന് തിരിച്ചടിയായി സൈന്യം നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പ്രദേശത്തെ നാട്ടുകാരുടെ സഹായം ആക്രമണത്തിന് നക്സല്‍ സംഘത്തിന് ലഭിച്ചിട്ടുള്ളതായി വിവരമുണ്ട്.
Next Article