കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം ധനമന്ത്രിപദത്തിലേക്ക് മാറിയേക്കും എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് തുടങ്ങുന്നതിന് മുമ്പ്, ഓഗസ്റ്റ് ആദ്യവാരത്തില്‍ ചിദംബരം ധനമന്ത്രിയായി ചുമതലയേല്‍ക്കും എന്നാണ് സൂചന. രാഷ്ട്രപതി സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജി ജൂണ്‍ 26-ന് ധനമന്ത്രിപദം രാജിവച്ചിരുന്നു. അന്ന് മുതല്‍ പ്രധാനമന്ത്രിയ്ക്കാണ് ധനമന്ത്രാലയത്തിന്റെ ചുമതല.
രണ്ട് തവണ ധനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട് ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ചിദംബരം വീണ്ടും ഈ പദവിയില്‍ എത്തുന്നത് ഗുണകരമാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.
അതേസമയം ചിദംബരത്തിന് പകരം മറ്റൊരു ആഭ്യന്തരമന്ത്രിയെ കണ്ടെത്തുന്നതാണ് പുതിയ വെല്ലുവിളി.