പാര്‍ലമെന്റ് നടപടികള്‍ അവസാനിച്ചശേഷം പുറത്തിറങ്ങിയ ബിജെപി നേതാവ് ജസ്വന്ത് സിംഗിനെ ഒരു റിപ്പോര്‍ട്ടര്‍ മുട്ടുമടക്കിച്ചു. ചാനല്‍ മൈക്കുമായിവന്ന ചോദ്യകര്‍ത്താവിനെ കണ്ട് ജസ്വന്ത് ഒരു നിമിഷം ഞെട്ടി. പിന്നെ പുഞ്ചിരിച്ചു. ധനമന്ത്രാലയത്തില്‍ തന്റെ പിന്‍ഗാമിയായ പി ചിദംബരമാണ് റിപ്പോര്‍ട്ടറുടെ വേഷത്തിലെത്തിയത്.
കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കന്നുണ്ടോ എന്നായിരുന്നു ചിദംബരത്തിന്റെ ആദ്യ ചോദ്യം. എന്നാല്‍ ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ ജസ്വന്ത് ആദ്യം ചിരിച്ച് ഒഴിഞ്ഞു. പിന്നെ പറഞ്ഞു, ‘കര്‍ണാടകയില്‍ ബിജെപി തോല്‍വി അംഗീകരിക്കുന്നു. സദ്ഭരണം നടത്താനായില്ലെങ്കില്‍ കോണ്‍ഗ്രസും പുറത്തുപോവേണ്ടി വരും’.
ബുധനാഴ്ച പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ചിദംബരം ചാനല്‍ റിപ്പോര്‍ട്ടറായത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തേക്ക് വരുന്ന ജസ്വന്തിനെ കണ്ട ചിദംബരം ഒരു റിപ്പോര്‍ട്ടറുടെ കൈയില്‍ നിന്ന് ചാനല്‍ മൈക്ക് വാങ്ങി ജസ്വന്തിന് നേര്‍ക്ക് നീങ്ങുകയായിരുന്നു.
ജസ്വന്ത് മാന്യനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണെന്നും പിന്നീട് ചാനല്‍ മൈക്ക് റിപ്പോര്‍ട്ടര്‍ക്കു തന്നെ തിരിച്ചുനല്‍കിയശേഷം ചിദംബരം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ കര്‍ണാടകയിലെ പുതിയ സര്‍ക്കാരിനാവണമെന്നും ചിദംബരം പറഞ്ഞു.