ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ചന്ദനക്കൊള്ളക്കാര്‍ എന്ന് ആരോപിച്ച് 20 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്തു. കൊലക്കുറ്റത്തിനാണ് പൊലീസിനെതിരെ കേസെടുത്തത്. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രത്യേക ദൗത്യസേനാ അംഗങ്ങള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്ധ്ര സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള 13 പേര്‍ അടക്കം 20 പേര്‍ ചിറ്റൂരിലെ ശേഷാചലം കാട്ടില്‍ വെടിയേറ്റ് മരിച്ചത്.
ചന്ദനമരങ്ങള്‍ക്ക് പ്രസിദ്ധമാണ് ശേഷാചലം കാട്. വനം കൊള്ളക്കാരുമായി ഇതിനു മുമ്പും ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. എന്‍ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായതോടെയാണ് ചന്ദനക്കൊള്ളക്കാരെ തുരത്താനായി 100 അംഗങ്ങളുള്ള പ്രത്യേകസേനയ്ക്ക് രൂപം നല്കി പരിശീലിപ്പിച്ചെടുത്തത്.