ചക്കിട്ടപ്പാറയില്‍ വീണ്ടും ഖനനനീക്കം

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (13:44 IST)
വിവാദമായ ചക്കിട്ടപ്പാറയില്‍ വീണ്ടും ഖനനനീക്കം. ഇതിന്റെ ഭാഗമായി എംഎസ്പിഎല്‍ കമ്പനി പ്രതിനിധികള്‍ ചക്കിട്ടപ്പാറയില്‍ സന്ദര്‍ശനം നടത്തി. ഖനനത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പ്രതിനിധികള്‍ എത്തിയത്. കര്‍ണാടകയിലെ എംഎസ്പിഎല്‍ കമ്പനിയുടെ കേരളത്തിലെ പ്രതിനിധി സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രണ്ടാഴ്ച മുമ്പ് പ്രധാന ഖനന കേന്ദ്രമായ ചക്കിട്ടപ്പാറയിലെ ആയിരപ്പാറയിലെത്തിയത്. 

ഖനനത്തിന് കേന്ദ്ര മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഖനനത്തിന് അനുമതി റദ്ദാക്കിയ വിവരം സര്‍ക്കാര്‍ തങ്ങളെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
 
ചക്കിട്ടപ്പാറയുള്‍പ്പെടെ മൂന്ന് പഞ്ചായത്തുകളിലെ 2400 ഏക്കര്‍ പ്രദേശത്ത് ഇരുമ്പയിര് ഖനനത്തിന് കര്‍ണ്ണാടകയിലെ എംഎസ്പിഎല്‍ കമ്പനിക്ക് അനുമതി നല്‍കിയത് വിവാദമായതോടെ സര്‍ക്കാര്‍ ഖനന അനുമതി റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.