ഇന്ത്യാ - ചൈന ബന്ധത്തിന് ഊഷ്മളമായ തുടക്കം കുറിച്ചുകൊണ്ട് ഗുജറാത്തിനെ ചൈനയുടെ സഹോദരിയായി അംഗീകരിക്കുന്ന കരാറില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒപ്പിട്ടു. ചൈനയുടെ ഏറ്റവും സമ്പന്ന പ്രവിശ്യകളിലൊന്നായ ഗ്വങ്ദോങ്ങിന്റെ സഹോദരി പ്രവിശ്യയായാണ് ഗുജറാത്തിനെ അംഗീകരിച്ചത്.
ഇതു കൂടാതെ ഗ്വങ്ദോങ്ങിന്റെ തലസ്ഥാന നഗരമായ ഗ്വങ്സൂവിന്റെ സഹോദരി നഗരമായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിനെ അംഗീകരിക്കുന്ന ധാരണാ പത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇതുള്‍പ്പെടെ മൂന്ന് പ്രധാന കരാറുകളാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്.
വഡോദരയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള കരാറാണ് മൂന്നാമത്തേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാറുകള്‍ യാഥാര്‍ഥ്യമായത്. ഇത് കൂടാതെ ഇന്ത്യയിലേക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധമാണെന്ന് സീ ജിന്‍പിംഗ് നേരത്തേ പ്രസ്താവിച്ചിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.50ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ സീ ജിന്‍പിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
ചൈനീസ് വിദേശകാര്യമന്ത്രി ഉള്‍പ്പടെ എട്ട് കാബിനറ്റ് മന്ത്രിമാരും 130 വ്യവസായികളും വ്യാപാരികളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് സീ ജിന്‍പിംഗ് ഇന്ത്യയിലെത്തിയത്. മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ചൈനീസ് പ്രസിഡന്റിന്റേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്‍ഷ്യം. വ്യാഴാഴ്‌ച ഹൈദരാബാദ് ഹൗസില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.