2002 ല്‍ ഗുജറാത്തിലെ നരോദ പാഷ്യയിലുണ്‌ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി മായാ കോദ്‌ലാനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിയ്ക്കരുതെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി നോട്ടീസയച്ചു.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജാമ്യാപേക്ഷ പരിഗണിയ്ക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് ഡി എച്ച് വഗേലയാണ് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇതേ കേസില്‍ വി എച്ച് പി നേതാവ് ജയ്ദീപ് പട്ടേലിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് പരിഗണിയ്ക്കുന്നത് കോടതി മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിട്ടുണ്‌ട്. ഗോധ്ര കലാപത്തെ തുടര്‍ന്ന് 2002 ഫെബ്രുവരി 28ന് നരോദ പാഷ്യയിലുണ്ടായ കലാപത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കലാപത്തിന് നേതൃത്വം നല്‍കിയതിലും ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിലും കോദ്‌ലാനിക്ക് മുഖ്യപങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.