ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന യുവതിയുടെ അപേക്ഷ കോടതി തള്ളി

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (11:17 IST)
കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് കോടതി തള്ളി. 24കാരിയായ യുവതി 28 ആഴ്ച (ഏഴുമാസം) പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയാണ് കോടതിയെ സമര്‍പ്പിച്ചത്. ഗര്‍ഭിണിയായി 20 ആഴ്ചക്കുള്ളില്‍ (അഞ്ചു മാസം) ഗര്‍ഭം അലസിപ്പിക്കുന്നതാണ് നിയമം അനുകൂലിക്കുന്നത്. ഇക്കാരണത്താലാണ് ഗര്‍ഭം അലസിപ്പിക്കുന്നതിന് കോടതി അനുമതി നല്കാതിരുന്നത്.
 
ഹര്‍ജി തള്ളിയ കോടതി ഗര്‍ഭസ്‌ഥ ശിശുവിന്‌ ജീവിക്കാനുള്ള അവകാശമുണ്ടെന്ന്‌ വ്യക്തമാക്കി. കൂടാതെ, വൈകി നടത്തുന്ന ഗര്‍ഭം അലസിപ്പിക്കല്‍ യുവതിയുടെ ജീവന് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവാഹിതയായ യുവതിയെ ആറുമാസങ്ങള്‍ക്കു മുമ്പ് ചിലര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം സംബന്ധിച്ച് പൊലീസില്‍ യുവതി പരാതി നല്കുകയും ചെയ്തു. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നു പോയ യുവതി മാസങ്ങള്‍ക്കു ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
 
തനിക്കുണ്ടാകുന്ന കുട്ടിയെ സ്വീകരിക്കാന്‍ തന്റെ ഭര്‍ത്താവ്‌ തയ്യാറാകില്ലെന്നും ഇതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ഹര്‍ജി. ഗുജറാത്തിലെ ബോറ്റഡ് ജില്ല സ്വദേശിയായ യുവതി ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സൂററ്റിലാണ് താമസിക്കുന്നത്.
 
ഗര്‍ഭം അലസിപ്പിക്കുന്നത് വിലക്കിയ കോടതി യുവതിക്ക് സുഖപ്രസവത്തിനുള്ള അവസരം ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.