കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ കയറിയ കുറ്റത്തിന് ദളിത് യുവതിയെ നഗ്നയാക്കി തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഹാസനിലെ ബേലൂരില്‍ താലൂക്കിലെ ഗന്‍ഗൂരു ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. സവര്‍ണ്ണരായ പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നാണ് സ്ത്രീയെ ആക്രമിച്ചത് എന്നാണ് വിവരം.
ദളിത് സ്ത്രീ ക്ഷേത്രത്തില്‍ കയറിയതിനെ തുടര്‍ന്ന് സവര്‍ണ്ണര്‍ ദളിതരെ ആക്രമിച്ചിരുന്നു. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഡിഎസ്പി മഞ്ജുനാഥ നായക് സമാധാനയോഗം വിളിച്ചു. യോഗത്തില്‍ തെളിവെടുപ്പിനായി ദളിത് യുവതിയെ വിളിച്ചുവരുത്തിയിരുന്നു. സ്ത്രീ സംസാരിക്കുന്നതിനിടെ കോപാകുലരായ ചിലര്‍ അവരെ ആക്രമിക്കുകയായിരുന്നു.
600 ഓളം പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് സ്ത്രീ പറഞ്ഞു. സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം സവര്‍ണ്ണരെ മാത്രമാണ് സമാധാനയോഗത്തിലേക്ക് വിളിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡയുടെ മണ്ഡലമാണ് സംഭവം നടന്ന ഹാസന്‍.