ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ച് ഗോള്‍ഡഖാന പള്ളിക്ക് സമീപം പൊലീസ് തടഞ്ഞു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കുകയാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകരെ പൊലീസ് കൈയേറ്റം ചെയ്തു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി അഞ്ചു ക്രിസ്ത്യന്‍ പള്ളികള്‍ ആണ് ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയിലെ വിശ്വാസികള്‍ ഇന്ന് ഒത്തു ചേര്‍ന്നത്. എന്നാല്‍ ,പൊലീസ് വിലക്കിയതു കാരണം മാധ്യമങ്ങള്‍ക്ക് പ്രതിഷേധക്കാരോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ സാധിക്കുന്നില്ല.
പള്ളികള്‍ക്ക് എതിരെയുള്ള തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്ക് എതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഇതില്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്കിയെങ്കിലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.