കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും ആവശ്യം തള്ളി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (12:31 IST)
ദേശീയ തലത്തിൽ കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം. വോട്ടെടുപ്പ് നടത്താതെയായിരുന്നു ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയതെന്നതും ശ്രദ്ധേയമായി. 
 
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിനായി കോൺഗ്രസുമായി ബന്ധം ആവശ്യമാണെന്ന യെച്ചൂരിയുടെ നിലപാടിന് പ്രകാശ് കാരാട്ട് വിഭാഗം വഴങ്ങാതിരുന്നതോടെ കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടത്താമെന്ന വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ, അവസാനനിമിഷം യെച്ചൂരി പക്ഷം അയഞ്ഞതോടെയാണ് വോട്ടെടുപ്പ് ആവശ്യമില്ലാതായത്.  
 
കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണയും കാരാട്ട് വിഭാഗത്തിനായിരുന്നു ലഭിച്ചത്. അതേസമയം, പോളിറ്റ്ബ്യൂറോയിൽ വച്ച നയരേഖയിൽ മാറ്റം വരുത്താനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായിട്ടുണ്ട്. യോഗത്തിൽ കേരളഘടകത്തിന്റെ പിന്തുണയും കാരാട്ട് പക്ഷത്തിനാണ് ലഭിച്ചത്. 
 
വി.എസ്.അച്യുതാനന്ദൻ മാത്രമേ യെച്ചൂരിയെ പിന്തുണച്ചുള്ളൂ. മറ്റ് മതേതര പാർട്ടികളെ പോലെയല്ല കോൺഗ്രസെന്ന നിലപാടായിരുന്നു കാരാട്ട് മുന്നോട്ട് വച്ചത്. അതേസമയം, ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസ് ബന്ധമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാൾ ഘടകം അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article