ഗുരുദാസ്പൂരില്‍ ബിജെപി തരിപ്പണമായി; വമ്പന്‍ ജയവുമായി കോൺഗ്രസ് - 1,93,219 വോട്ടിന്റെ ഭൂരിപക്ഷം
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (15:10 IST)
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് അട്ടിമറി വിജയം. ബിജെപിയുടെ ഉരുക്കുകോട്ടയായി കരുതുന്ന മണ്ഡലം 1,93,219 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
കോൺഗ്രസ് സ്ഥാനാർഥിയായ സുനില്‍ ജാഖര്‍ 4,99,752 വോട്ടുകൾ നേടി ജയം സ്വന്തമാക്കിയപ്പോള്‍ ബിജെപി സ്ഥാനാർഥി സ്വരൺ സലാറിക്ക് 3,06,533 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ മുൻ മേജര്‍ ജനറൽ സുരേഷ് കുമാര്‍ ഖജാരിയയാണ് മൂന്നാം സ്ഥാനത്ത്. ഖജാരിയ 23,579 വോട്ടുകൾ നേടി ഏറെപിന്നിലായി.
ബിജെപി സ്ഥാനാർഥി സ്വരൺ സിംഗ് സലാറിയ, എഎപി സ്ഥാനാർഥി മേജർ ജനറൽ സുരേഷ് ഖജൂരിയ എന്നിവരെ വൻ വ്യത്യാസത്തിൽ പിന്തള്ളിയാണ് പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ സുനില്‍ ജാഖറിന്റെ വിജയം. രണ്ടു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസ് നേടിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു.
ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിലില്‍ അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.