രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന വാരാണസിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് വിവാദത്തില്‍. രാംനഗറിലെ ബൂത്തില്‍ രാവിലെ വോട്ട് ചെയ്യാനെത്തിയ അജയ് റായ് വസ്ത്രത്തില്‍ പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നം ധരിച്ചതാണ് വിവാദമായത്. മോഡിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായ താമര വസ്ത്രത്തില്‍ പ്രദര്‍ശിപ്പിക്കാമെങ്കില്‍ തനിക്കും അതിനുള്ള അവകാശമുണ്ടെന്നാണ് റായുടെ മറുപടി. കൈപ്പത്തി ചിഹ്നം തന്റെ ഹൃദയത്തിലുണ്ടെന്നും റായ് പറഞ്ഞു.
റായുടെ നടപടിയെ ബിജെപി ചോദ്യം ചെയ്തു. റായിയോട് തെരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരണം തേടിയിട്ടുണ്ട്. പ്രമുഖര്‍ ഏറ്റുമുട്ടുന്നതിലൂടെ രാജ്യശ്രദ്ധ നേടിയ മണ്ഡലമാണ് വാരാണസി. ബിജെപി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയും ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളുമാണ് അജയ് റായ്‌ക്കൊപ്പം മത്സരംഗത്തുള്ളത്. റായുടെ പ്രചാരണത്തിനായി അവസാന ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയിരുന്നു.