കേസ് അന്താരാഷ്ട്ര കോടതിക്ക് വിടണമെന്ന് കസബ്

Webdunia
തിങ്കള്‍, 25 ജനുവരി 2010 (18:12 IST)
26 /11 ഭീകരാക്രമണ കേസില്‍ പിടിയിലായ ഏക പ്രതി അജ്മല്‍ അമീര്‍ കസബ് തന്റെ കേസ് അന്താരാഷ്ട്ര കോടതിക്ക് കൈമാറണമെന്ന് തിങ്കളാഴ്ച ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാവില്ല എന്ന് കേസ് പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി പറഞ്ഞു.

കസബിന് ഇപ്പോള്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാനാവില്ല എന്ന് പ്രത്യേക ജഡ്ജി എം എല്‍ തഹിലിയാനി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കേസില്‍ വിധി പ്രസ്താവിക്കുന്ന അവസരത്തില്‍ മാത്രമേ കസബിന് കേസ് അന്താരാഷ്ട്ര കോടതിക്ക് വിടാനുള്ള അപേക്ഷ നല്‍കാനാവൂ എന്നും തഹിലിയാനി വ്യക്തമാക്കി.

ആദ്യം കോടതിക്കു മുന്നില്‍ കുറ്റം സമ്മതിച്ച കസബ് പിന്നീട് സ്വന്തം നിലപാടില്‍ നിന്ന് പിന്‍‌മാറിയിരുന്നു. തന്നെ പൊലീസ് പീഡിപ്പിച്ചതു കാരണമാണ് കുറ്റസമ്മതം നടത്തിയതെന്നും താന്‍ സംഝോത്ത എക്സ്പ്രസിലാണ് ഇന്ത്യയിലെത്തിയത് എന്നും കസബ് കോടതിയില്‍ പറഞ്ഞിരുന്നു.

കസബിന് സാക്ഷികളെ വിസ്തരിക്കാന്‍ ജനുവരി 27 വരെയാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍, സാക്ഷി വിസ്താരത്തിന് താല്പര്യമില്ലെന്നാണ് കസബ് കോടതിയെ അറിയിച്ചിരിക്കുന്നത്.