കെജ്‌രിവാളിന് ‘10 ദിവസങ്ങള്‍ കൂടി’ നല്‍കുന്നു- ബിന്നി സമരം അവസാനിപ്പിച്ചു!
തിങ്കള്‍, 27 ജനുവരി 2014 (16:02 IST)
PTI
PTI
ആം ആദ്മി പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. അണ്ണാ ഹസാരെ ഇടപെട്ടാണ് ബിന്നിയുടെ സമരം അവസാനിപ്പിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് 10 ദിവസങ്ങള്‍ കൂടി നല്‍കുന്നു എന്ന് പറഞ്ഞാണ് ബിന്നി സമരം അവസാനിപ്പിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിന്നിയെ പുറത്താക്കിയത്. ജന്തര്‍മന്ദിറിലാണ് ബിന്നി സമരം നടത്തിയത്. നാല് മണിക്കൂര്‍ മാത്രമായിരുന്നു നിരാഹാരം. ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ബിന്നി ആരോപിച്ചു.
മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്നാണ് വിനോദ് കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ ആദ്യം രംഗത്തുവന്നത്. ബിന്നി ബിജെപിക്കാരെപ്പോലെ പെരുമാറുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബിന്നി അധികാരമോഹിയാണെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. അതേസമയം ബിന്നിയ്ക്ക് ബിജെപിയിലേക്ക് ക്ഷണമുള്ളതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
കെജ്‌രിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളായിരുന്നു ബിന്നി ഉന്നയിച്ചത്.